തൃശൂര്‍ : കഴിഞ്ഞ വര്‍ഷം പൂരത്തെ കവര്‍ന്നെടുത്ത കൊവിഡ് വീണ്ടും വര്‍ദ്ധിത വീര്യത്തോടെ എത്തിയതോടെ പൂത്തുലയുന്ന പൂരം സ്വപ്‌നം കണ്ട പൂരാസ്വദകര്‍ക്ക് ഇത്തവണയും നിരാശയായി. പൂരം ജനങ്ങളെ പങ്കെടുപ്പിക്കാതെ ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. കൊവിഡിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം ചടങ്ങ് മാത്രമാക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും പൂരുഷാരമില്ലാത്ത പൂരം എവരിലും നിരാശയാണ് നല്‍കുന്നത്. തൃശൂരിന്റെ സമസ്ത മേഖലകളെയും ഉണര്‍ത്തുന്നതാണ് പൂരം . പൂരകമ്പക്കാര്‍ക്ക് മതിവരാക്കാഴ്ച്ചയാണ് പൂരം സമ്മാനിച്ചിരുന്നത്.

വാദ്യക്കാരെ സംബന്ധിച്ച്‌ തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുകയെന്നത് മുന്‍ജന്മസുകൃതമെന്നാണ് പറയാറ്. അങ്ങനെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് പൂരം ഒരു വികാരമായിരുന്നു. തൃശൂരിന്റെ സാമ്പത്തിക മേഖലയെ തൊട്ടുണര്‍ത്തുന്ന ഒന്നു കൂടിയാണ് ശക്തന്റെ മണ്ണിലെ പുരുഷാരങ്ങളുടെ പൂരം. ഒരു പൂരം കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ അടുത്ത വര്‍ഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും എന്നാണ് പറയുക. പൂരം ചടങ്ങ് മാത്രമായി മാറ്റുന്നതോടെ തേക്കിന്‍ക്കാട്ടില്‍ ഇത്തവണ പുരുഷാരം നിറയില്ല. മഠത്തില്‍ വരവിനും തിരുവമ്ബാടിയുടെ ശ്രീമൂല സ്ഥാനത്തേക്കുള്ള എഴുന്നള്ളത്തിലും വടക്കുംനാഥന്റെ ഇലഞ്ഞിമര ചുവട്ടില്‍ കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറ മേളത്തിനും തേക്കെ ഗോപൂര നടയില്‍ പൂഴിയിട്ടാല്‍ നിലത്ത് വീഴാത്ത പുരുഷാരം നിറയുന്ന കുടമാറ്റത്തിനും ഇത്തവണ സാക്ഷിയാകുക പൂരം സംഘടാകരും വാദ്യക്കാരും ആനക്കാരും സൂരക്ഷ പൊലീസും ഒപ്പം എല്ലാത്തിനും മൂകസാക്ഷിയായി വടക്കുംനാഥനും.

 വാദ്യപെരുമഴയില്‍ ആറാടാന്‍ ആസ്വാദകരില്ലാത്ത പൂരം

പൂരനാളില്‍ കണിംമംഗലം ശാസ്താവ് തേക്കെ ഗോപൂര വാതിലിലൂടെ കടന്നു വരുന്നതോടെ ആരംഭിക്കുന്ന വാദ്യപെരുമഴ പെയ്ത് തോരുന്നത് പിറ്റേന്ന് ഉച്ചയ്ക്ക് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി പിരിയുമ്ബോള്‍ മാത്രമാണ്. തുടര്‍ന്ന് ഘടകപൂരങ്ങള്‍ പഞ്ചവാദ്യവും മേളവുമായി തട്ടകങ്ങളെ ഉണര്‍ത്തി കടന്ന് വരുമ്പോള്‍ തിരുവമ്ബാടി ഭഗവതിയുടെ മഠത്തില്‍ വരവും, പാണ്ടിമേളവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും, രാത്രി പഞ്ചവാദ്യവും, കുടമാറ്റവും , ഒടുവില്‍ ദേവ സഹോദരിമാരുടെ ഉപചാരം ചൊല്ലലും പൂരം കാണുന്ന ഒരോരുത്തര്‍ക്കും കാഴ്ചകളുടെ പുതു അനുഭവങ്ങളാണ് ഒരോ കൊല്ലവും നല്‍കിയിരുന്നത്. മഠ്ത്തില്‍ വരവ് പഞ്ചവാദ്യത്തിനും പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ കൊട്ടികയറുന്ന ഇലഞ്ഞിത്തറ മേളത്തിനും കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുവമ്പാടിയുടെ പാണ്ടിമേളത്തിനും ആയിരക്കണക്കിന് വാദ്യാസ്വാദകരാണ് ശക്തന്റെ തട്ടകത്ത് എത്താറുള്ളത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊവിഡ് മഹാമാരി പൂരത്തെ തട്ടിയെടുത്തത്.

 ആനപ്രേമികള്‍ക്ക് നിരാശ

പൂരത്തലേന്ന് ഉച്ചമുതല്‍ തന്നെ തേക്കിന്‍ക്കാട് മൈതാനിയിലും പാറമേക്കാവിന്റെ ആനത്താവളത്തിലും ആനപ്രേമികളുടെ തിക്കും തിരക്കുമാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട കൊമ്പന്‍മാര്‍ക്ക് മുന്നില്‍ നിന്ന് അവന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഊണും ഉറക്കവുമില്ലാതെയാണ് നിലയുറപ്പിക്കാറുള്ളത്. എത്രയെടുത്താനലും മതിവാരാത്ത ചിത്രങ്ങളുമായാണ് അവസാനം അവര്‍ കളംവിടുക. എന്നാല്‍ ഇത്തവണ സ്വരാജ് റൗണ്ട് വിട്ട് ഒരടി മുന്നോട്ട് പോകാന്‍ അനുവാദമില്ലാതായതോടെ ആനകമ്പക്കാരെ സംബന്ധിച്ച്‌ പൂരം കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമായി മാറും.

 പ്രതീക്ഷ നഷ്ടപ്പെട്ട് വെടിക്കെട്ട് കമ്ബക്കാര്‍

ഭൂരിഭാഗം വെടിക്കെട്ടുകളും ഇല്ലാതായതോടെ വെടിക്കെട്ട് കമ്പക്കാരുടെ ഏക പ്രതീക്ഷയായിരുന്നു തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിനുള്ള അനുമതി നേരത്തെ തന്നെ ലഭിച്ചതോടെ ആഹ്‌ളാദത്തിലായിരുന്നു കമ്പക്കെട്ട് പ്രേമികള്‍. നാളെ നടക്കേണ്ട സാമ്പിള്‍ വെടിക്കെട്ട് പൂര്‍ണ്ണമായി ഉപേക്ഷിച്ച്‌ കഴിഞ്ഞു. പ്രതീകാത്മകമായി ഒരു അമിട്ട് മാത്രമാണ് പൊട്ടിക്കുക. പൂരം നാളിലെ വെടിക്കെട്ട് സംബന്ധിച്ച്‌ തീരുമാനം ആയിട്ടില്ല. വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചാലും കാണിക്കള്‍ക്ക് പ്രവേശനമില്ലാത്തിനാല്‍ ആസ്വാദകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പിള്‍ വെടിക്കെട്ടിന്റെ ഒരുക്കങ്ങള്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ നടക്കുന്നതിനിടെയായിരുന്നു പൂരം ചടങ്ങായി മാറ്റാന്‍ തീരുമാനിച്ചത്.

 അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് വ്യാപാരി സമൂഹം

തൃശൂര്‍ പൂരം നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിടകച്ചവടക്കാര്‍ വരെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കിയിരുന്നത് .എന്നാല്‍ കഴിഞ്ഞ വര്‍ഷം പൂരം കവര്‍ന്നെടുത്തപ്പോള്‍ ഇത്തവണയെങ്കിലും അത് മാറി വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് രോഗികളുടെ എണ്ണം 70 വരെ എത്തിയതോടെ പ്രതീക്ഷകള്‍ ഏറെയായി. പൂരം കണക്കിലെടുത്ത് കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുകയും പൂരകച്ചവടത്തിന് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊവിഡ് വ്യാപനം കൂടിയതും നിയന്ത്രണങ്ങള്‍ വന്നതും.

 ഘടക പൂരങ്ങളെത്തും തട്ടകക്കാരില്ലാതെ

കഴിഞ്ഞ തവണ പൂരത്തില്‍ പങ്കെടുക്കാനാകാന്‍ സാധിക്കാതിരുന്ന ഘടക പൂരങ്ങള്‍ ഇത്തവണ എത്തുമെങ്കിലും പരിവാരങ്ങളില്ലാതെ. തിരുവമ്പാടി പാറമേക്കാവ് തട്ടകങ്ങളിലുള്ളപോലെ തന്നെ പൂരാവേശം ഈ എട്ടു തട്ടകങ്ങളിലുമുണ്ടായിരുന്നു. കൊടിയേറ്റം കഴിഞ്ഞ് ശിവപുരിയിലേക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതും പൂരം ചടങ്ങുകളാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച്‌ മേളക്കാരും സംഘാടകരും മാത്രമായിട്ടായിരിക്കും ഇത്തവണയെത്തുക. മേളക്കാരുടെ എണ്ണം സംബന്ധിച്ചും മറ്റും അവസാന തീരുമാനങ്ങള്‍ ഇന്നും നാളെയുമായി ഉണ്ടാകും. പൂരം കൊടിയേറ്റത്തിന് മുന്നേ ഈ ക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങാന്‍ തുടങ്ങിയിരുന്നു. പ്രൗഡഗംഭീരമായ പൂരം പുറപ്പാടാണ് എട്ടു ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ളത്. ആനപ്പൂരവും എഴുന്നള്ളിപ്പുമെല്ലാം കൊണ്ട് സമ്ബന്നമായാണ് ദേവീദേവന്‍മാര്‍ പൂരനഗരയിലെത്താറുള്ളത്.
കണിമംഗലം ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, ചെമ്ബുക്കാവ് കാര്‍ത്യായിനി ഭഗവതി, ലാലൂര്‍ കാര്‍ത്യായനി ദേവി, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവിലമ്മ, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി എന്നിവരാണ് വടക്കുന്നാഥ ക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള എട്ടു ദേശങ്ങളില്‍ നിന്ന് പൂരം നാളില്‍ എത്താറുള്ളത്.