തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തല്‍ക്കാലത്തേയ്ക്ക് വാരാന്ത്യങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. അതേസമയം രാത്രിയില്‍ കര്‍ശന പരിശോധന നടത്തും. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ല. അതേസമയം രാത്രികാല കര്‍ഫ്യു സമയത്ത് കര്‍ശന പരിശോധന നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് മണി വരെയുള്ള കര്‍ഫ്യു സമയത്ത് ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്ന എല്ലാവരേയും പരിശോധിക്കാനും തീരുമാനമായി. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

അതോടൊപ്പം കൊറോണയുടെ രണ്ടാം തരംഗമുണ്ടാകാന്‍ കാരണമായ വൈറസിന്റെ വ്യതിയാനത്തെക്കുറിച്ചും ശാസ്ത്രീയ പഠനം നടത്തും. വൈറസിന്റെ ജനിതക വ്യതിയാനം കണ്ടെത്താന്‍ ജീനോം സീക്വന്‍സ് പഠനം നടത്താനാണ് തീരുമാനം. കൊറോണ രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ തക്കവണ്ണം സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു സംവിധാനങ്ങളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും സജ്ജമാണെന്നും യോഗത്തില്‍ വിലയിരുത്തി.