ഇടുക്കി : കട്ടപ്പനയിലെ വീട്ടമ്മയുടെ കൊലപാതക കേസില്‍ ഇരുപതംഗ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തിട്ടും പുരോഗതിയില്ല.

വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും പ്രതിയെ കുറിച്ച്‌ സൂചനയില്ല. ഭര്‍ത്താവുള്‍പ്പെടെയുള്ളവരെ സംശയമുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് അന്വേഷണത്തില്‍ വെല്ലുവിളി.

ഈ മാസം എട്ടിനാണ് കൊച്ചുതോവാളയില്‍ അറുപതുകാരിയായ ചിന്നമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

ഇതോടെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം അന്വേഷണം ഏറ്റെടുത്തത്. ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ഭര്‍ത്താവ് ജോര്‍ജിന്റെ മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

മോഷണശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിന് സംശയമുണ്ടെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനയിലടക്കം ലഭിച്ചിട്ടില്ല.

അയല്‍ക്കാരും ബന്ധുക്കളുമായ ഒട്ടേറെ പേരെ ചോദ്യം ചെയ്തിട്ടും തുമ്ബൊന്നുമില്ല. ഭര്‍ത്താവ് ജോര്‍ജുള്‍പ്പെടെ സംശയനിഴലിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

അതിഥി തൊളിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം. ചിന്നമ്മ താഴത്തെ നിലയിലും ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു കൊല നടന്നതിന് തലേ ദിവസം ഉറങ്ങാന്‍ കിടന്നത്.

രാവിലെ ഉറക്കം ഉണര്‍ന്ന് താഴെയെത്തിയപ്പോള്‍ ചിന്നമ്മ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ജോര്‍ജിന്റെ മൊഴി. വായില്‍ തുണി തിരുകിയശേഷം കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പലരെയും പൊലീസിന് സംശയമുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് പൊലീസിനെ കുഴയ്ക്കുന്നത്.