കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. അറിയിച്ചു.
മലയാളചലച്ചിത്ര ഗാനശാഖയെ ജനകീയമാക്കിയതില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ വലിയ പങ്കുവഹിച്ചു. രചനകള്‍കൊണ്ട് മലയാള കവിതയേയും ഗാനങ്ങളേയും മാത്രമല്ല സംസ്കാരത്തെയാകെത്തന്നെ പുതിയൊരു ഭാവുകത്വത്തിലേക്ക് ഉയര്‍ത്തിയ പ്രതിഭാവിലാസത്തെ മാനിച്ചാണ് പത്മപ്രഭാപുരസ്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക് നല്‍കുന്നത് സമിതി വിലയിരുത്തി.
പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്കാരം, ജെ.സി. ഡാനിയല്‍ പുരസ്കാരം എന്നിവ അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.