ന്യൂദല്‍ഹി: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുള്ളതും അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ കമ്ബനികളുടെ മേധാവികള്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

സര്‍ക്കാറിന് കീഴിലെ കോവിഡ് സെന്ററുകളില്‍ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ട വിധമാണ് ചുവടെ വിവരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കുക. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്‍കുക, മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്ബര്‍ നിശ്ചിത സ്ഥലത്ത് പൂരിപ്പിക്കുക, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ വാക്‌സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക, കോവിഡ് വാക്‌സിന്‍ സ്വീകരിക്കുക

ഇതിന് ശേഷം ലഭിക്കുന്ന റഫറന്‍സ് ഐ.ഡി വെച്ച്‌ നിങ്ങള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകള്‍:

വാക്‌സിനേഷനായി രജിസ്റ്റര്‍ചെയ്യുന്ന വേളയില്‍ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ വേണം.

ആധാര്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

വോട്ടര്‍ ഐ.ഡി

ഡ്രൈവിങ് ലൈസന്‍സ്

പാസ്‌പോര്‍ട്ട്

തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്

എം.പി/എം.എല്‍.എ/എം.എല്‍.സി എന്നിവര്‍ക്ക് അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ

ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്

പെന്‍ഷന്‍ രേഖ

കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളോ പെതുമേഖലാ സ്ഥാപനങ്ങളോ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന സര്‍വിസ് ഐ.ഡി കാര്‍ഡ്

മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിരുന്നു.