കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ ശസ്ത്രക്രീയ ഉള്‍പ്പെടെയുള്ള ചികിത്സകളും മാറ്റി വച്ചിരിക്കുകയാണ്. ശസ്ത്രക്രീയാ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികളോടൊപ്പം ഒരാളെ മാത്രമെ സഹായിയായി നില്‍ക്കാന്‍ അനുവദിക്കൂ.

ഈ സഹായിയുടെ കോവിഡ് പരിശോധന ആശുപത്രിയില്‍ നിന്നും സൗജന്യമായി ചെയ്തു നല്കും. അടിയന്തിര ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ രോഗികള്‍ക്ക് സഹായി ആയി നില്‍കേണ്ടി വരുമ്പോള്‍ അങ്ങനെയുള്ളവര്‍ കോവിഡ് പരിശോധന സ്വന്തം ചിലവില്‍ നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കുകയും അധികാരികള്‍ ആവശ്യപ്പെടുമ്ബോള്‍ കാണിക്കുകയും ചെയ്യണം. ആശുപത്രി പരിസരങ്ങളില്‍ ചുറ്റിക്കറങ്ങുവാന്‍ ആരെയും അനുവദിക്കുകയില്ല. രോഗീ സന്ദര്‍ശനം അനുവദിക്കുകയില്ല, തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.