തൊടുപുഴ: കോവിഡിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥപീഡനം ഒഴിവാക്കണമെന്ന് വ്യാപാരികള്‍. കല്യാണത്തിന് 100 പേര്‍ക്ക് പങ്കെടുക്കാം, മരണാന്തര ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, മീറ്റിംഗുകള്‍ കൂടാം, ആരാധനാലയങ്ങളില്‍ പോകാം. പക്ഷെ 4പേര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാല്‍ അത് കുടുംബാഗങ്ങളാണെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ വന്ന് കേസ് എടുക്കുന്നു.

ഇടുക്കി പോലെ ചില ജില്ലകളില്‍ വ്യാപാരികളും തൊഴിലാളികളും കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കടയില്‍ സൂക്ഷിക്കണം എന്നും അല്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കും എന്നുമാണ് അധികാരികള്‍ പറയുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ് വ്യാപാരികള്‍. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ നടത്തിയ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടില്ലാ എന്ന് നടിക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വെള്ളം കുടിക്കാന്‍ പോലും മാസ്ക്ക് മാറ്റിയതിന്റെ പേരില്‍ വ്യാപാരിയ്ക്ക് എതിരെ കേസ് എടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ചു വ്യാപാരസ്ഥാപനം വഴി കോവിഡ് ബാധിച്ചവര്‍ ഒരു ശതമാനം മാത്രമാണ്. കോവിഡിന്റെ പേരില്‍ വ്യാപാരികളുടെ മേല്‍ കുതിര കയറുന്ന രീതി അവസാനിപ്പിക്കണമെന്നും, കോവിഡ് വാക്സിന്റെ ലഭ്യതകുറവ് എത്രയും വേഗം പരിഹരിക്കണമെന്നും വാക്സിന്‍ വിതരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങി വിതരണം വേഗത്തില്‍ ആക്കണമെന്നും കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു തരണിയില്‍, ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എംഎന്‍ ബാബു, കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ജസ്റ്റിന്‍ പാലത്തറ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളില്‍, കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്‍്റ് സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്‍റ് താജു എംബി എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ സര്‍ക്കാരിനോട് അവശ്യപ്പെട്ടു.