തിരുവനന്തപുരം: ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അചിം ബുര്‍കാര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജര്‍മ്മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലെ ബാങ്കായ കെ.എഫ്.ഡബ്ല്യു മുഖേനയുള്ള ക്ലീന്‍ എനര്‍ജി ഇനിഷ്യേറ്റീവ്, സോളാര്‍ പദ്ധതികളിലെ പങ്കാളിത്തത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍, കൊച്ചി വാട്ടര്‍ മെട്രോ, കേരള പുനര്‍നിര്‍മാണ പദ്ധതി എന്നിവ കെ.എഫ്.ഡബ്ല്യുവിന്‍റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ ആദ്യത്തെ സമ്ബൂര്‍ണ സോളാര്‍ എയര്‍പോര്‍ട്ടാക്കിയത് ജര്‍മ്മന്‍ കമ്ബനിയാണ്. ടുബിഞ്ചന്‍ സര്‍വ്വകലാശാലയില്‍ മലയാള ഭാഷയ്ക്കായി ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചതും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

ആയുവേദരംഗത്ത് വലിയ തോതില്‍ സഹകരണത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന വിദേശ വിനോദസഞ്ചാരികളില്‍ വലിയ വിഭാഗം ജര്‍മ്മനിയില്‍ നിന്നാണ്. കേരളത്തിലെ സെന്‍ററുകളില്‍ ജര്‍മ്മന്‍ ഭാഷാപഠനത്തിന് പ്രാമുഖ്യം നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പോകുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നൈപുണ്യവികസനത്തിനായി വിദഗ്ധ പരിശീലനം നല്‍കുന്നതിന് സൗകര്യമൊരുക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.