ന്യൂദല്‍ഹി: കൊവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.

കൊവിഡ് വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്‍‌മെന്റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്​/ചേംബര്‍ നേതാക്കളുമായി സംസാരിച്ചു. ഇന്‍ഡസ്ട്രി/ അസോസിയേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. കൊവിഡ്​ മാനേജ്മെന്റിനാണ്​പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നല്‍കുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച്‌​ പ്രവര്‍ത്തിക്കും’ -ധനമന്ത്രി ട്വീറ്റ്​ചെയ്തു. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ സമ്പ ദ്​ വ്യവസ്ഥ പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്സിജന്‍ ക്ഷാമം ഉള്‍പ്പടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ ഭീഷണി മുന്നില്‍ കണ്ട് അതിഥി തൊഴിലാളികള്‍ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, ദല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണി മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്ഥാനം നേരിടുന്നതായി കേജ്‌രിവാള്‍ അറിയിച്ചു.