മലയാള സിനിമാ സംഗീത ലോകത്ത് നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. 1995 ല്‍ പുറത്തിറങ്ങിയ ‘ചന്ത’ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടുകൊണ്ടാണ് ജയചന്ദ്രന്‍ മലയാള സിനിമയില്‍ കടന്നു വന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച രണ്ട് ഗാനങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. ഈ രണ്ട് ഗാനങ്ങളും പാടിയത് എം.ജി. ശ്രീകുമാറാണ്.

എം. ജയചന്ദ്രന്റെ 25-ാം വര്‍ഷത്തില്‍ അദ്ദേഹത്തിന് ഒരു സ്‌പെഷല്‍ വീഡിയോ ആശംസയുമായി വരികയാണ് ശ്രീകുമാര്‍. വര്‍ഷങ്ങളുടെ പരിചയമാണ് ഇരുവരും തമ്മില്‍. താന്‍ കുട്ടന്‍ എന്നാണ് ജയചന്ദ്രനെ വിളിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സംഗീത സംവിധായകനാണ് ജയചന്ദ്രന്‍. സംഗീതത്തെക്കുറിച്ച്‌ പറയുമ്ബോള്‍ തനിക്ക് വാക്കുകള്‍ ഇല്ലെന്ന് ശ്രീകുമാര്‍. ഈ വേളയില്‍ ആദ്യ ചിത്രത്തില്‍ പാടിയതുപോലെ തന്നെ കൊടികെട്ടിപ്പാഞ്ഞും തങ്കരഥമേറിപ്പായുന്ന ഒരു മഹാത്ഭുതമാണ് ജയചന്ദ്രന്‍ എന്നദ്ദേഹം പറയുന്നു. ഒരു ചേട്ടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഗീതം എന്നും മുന്നോട്ടു പോകാന്‍ ആശംസിക്കുകയാണ്.

പിന്നെയും ഒട്ടേറെ സിനിമകളില്‍ എം. ജയചന്ദ്രന്റെ ഗാനങ്ങള്‍ ശ്രീകുമാര്‍ ആലപിച്ചു. ഏറ്റവും ഒടുവില്‍ ‘പട്ടാഭിരാമന്‍’ സിനിമയിലെ ഉണ്ണിഗണപതിയേ… എന്ന ഗാനമാണ് പാടിയത്.

കഴിഞ്ഞ വര്‍ഷം ‘സൂഫിയും സുജാതയും’ സിനിമയ്ക്ക് വേണ്ടി ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ഗായിക സുജാതയ്ക്ക് ഒരു പിറന്നാള്‍ വീഡിയോ സമ്മാനവുമായി എം.ജി. ശ്രീകുമാര്‍ എത്തിയിരുന്നു. കടത്തനാടന്‍ അമ്ബാടിയുടെ സമയത്ത് റോസ് സാരി അണിഞ്ഞ് നിന്ന പെണ്‍കുട്ടിയെ ആദ്യമായി പരിചയപ്പെട്ടത് ശ്രീകുമാര്‍ ഇന്നും ഓര്‍ക്കുന്നു. ഭാര്യയും അമ്മയുമായ ശേഷം സുജാത ആദ്യമായി പാടിയതും ശ്രീകുമാറിനൊപ്പം തന്നെ. ‘നാളെ അന്തിമയങ്ങുമ്ബോള്‍… എന്ന ഗാനം എം.ജി. ശ്രീകുമാറിനൊപ്പം പാടിയത് സുജാതയാണ്.

പിന്നെ അനവധി ഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് ആലപിക്കുകയുണ്ടായി. ആ സംഗീത സപര്യ അടുത്ത തലമുറയിലേക്കും കൂടി കൈമാറിയതിന്റെ സന്തോഷവും എം.ജി. ശ്രീകുമാറിന്റെ വാക്കുകളില്‍ പ്രകടം. അദ്ദേഹം സംഗീത സംവിധായകനായപ്പോള്‍, ‘മാവിന്‍ ചോട്ടിലെ…’ എന്ന് തുടങ്ങുന്ന ഗൃഹാതുരത്വം തുളുമ്ബുന്ന ഗാനം പാടിയത് സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ്. സിനിമയില്‍ നസ്രിയ അവതരിപ്പിച്ച ഈ ഗാനത്തിന് ഒട്ടേറെ ആരാധകരുണ്ട്.

എല്ലാവരും പാടുന്ന സംഗീത കുടുംബത്തില്‍ ജനിച്ച സുജാതയ്ക്ക് ആയുരാരോഗ്യവും സമ്ബത്സമൃദ്ധിയും നേര്‍ന്ന് തങ്ങള്‍ ആദ്യമായി ഒന്നിച്ചു പാടിയ ആ ഗാനം എം.ജി. ശ്രീകുമാര്‍ പാടി. ഒപ്പം സുജാത പാടിയ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് ആരാധകര്‍ ഒരുക്കിയ സംഗീത സമ്മാനവും എം.ജി. ശ്രീകുമാര്‍ സമര്‍പ്പിച്ചു.