തിരുവനന്തപുരം: കൊവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തുടങ്ങി. പൊതു ഇടങ്ങളിലെ തിരക്കു കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുളള നടപടികള്‍ ഉള്‍പ്പടെയുളള നിര്‍ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്ക് മുമ്ബാകെ വച്ചു.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ പരിശോധന ഫലങ്ങള്‍ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.