പാലക്കാട്: മുതലമടയില്‍ വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി മരിച്ചു. മുതലമട കുറ്റിപ്പാടം സ്വദേശി സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അപകട കാരണം വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ തീ പിടുത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച്‌ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു. വീട് അകത്തു നിന്നും പൂട്ടിയിരുന്നതായി പോലീസ് പറയുന്നു. സുമ കിടന്നിരുന്ന മുറിയില്‍ നിന്നുമാണ് തീ പിടുത്തം ഉണ്ടായിട്ടുള്ളത്. സുമയുടെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളില്‍ നിന്നും തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ഓടി എത്തിയെങ്കിലും വീടിനുള്ളില്‍ ഉണ്ടായിരുന്ന കൃഷ്ണന്റെ മകള്‍ സുമയെ രക്ഷിക്കാനായില്ല. കൃഷ്ണന്‍ രാവിലെ പണിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും പോയി. സഹോദരന്‍ സുധീഷും വീട്ടില്‍ ഉണ്ടായിരുന്നില്ല.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെ പുറത്തേക്ക് മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞ് ഓടിയെത്തിയ അച്ഛന്‍ കൃഷ്ണന്‍ മകള്‍ അകത്തുള്ള കാര്യം പറഞ്ഞെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും സുമ കിടന്നിരുന്ന മുറിയുടെ മേല്‍ ഭാഗം അടര്‍ന്നു വീണിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുമയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.