തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

21,27,28,29 എന്നീ തിയ്യതികളിലാണ് ഇനി എസ്.എസ്.എല്‍.സി പരീക്ഷ ബാക്കിയുള്ളത്. പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

അധ്യാപകരും അനധ്യാപക ജീവനക്കാരും പരീക്ഷ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം.ഇക്കാര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം. സ്‌കൂള്‍ കോമ്ബൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ കടത്തിവിടാവൂ.

സാനിറ്റൈസറിന്റേയും സോപ്പിന്റേയും ലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റീനിലുള്ളവര്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂള്‍ തലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.