ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ നാല് മണിവരെയാണ് കര്‍ഫ്യു.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ അതിര്‍ത്തികള്‍ അടയ്ക്കും. ഏപ്രില്‍ 25 മുതല്‍ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണായിരിക്കും.

ടൂറിസം കേന്ദ്രങ്ങളും അടച്ചിടും. അടിയന്തര മെഡിക്കല്‍ ആവശ്യം, റെയില്‍വേ സ്റ്റേഷന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള ടാക്‌സികള്‍, പത്രം, പാല്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ട്.

ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും. സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനും സര്‍വകലാശാലാ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും തീരുമാനമായി.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി എടപ്പടി പളനിസ്വാമി ഉന്നതതല യോഗം ചേര്‍ന്നതിനു പിന്നാലെയാണ് തീരുമാനം.