പാരീസ്: പ്രതിദിന കൊവിഡ് കണക്കില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതോടെ രാജ്യതലസ്ഥാനത്തെ സുപ്രധാന മേഖലയായ ഇല്‍-ഡെ-ഫ്രാന്‍സില്‍ വൈകുന്നേരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. രാത്രി 9 മുതലാണ് ഇവിടെ കര്‍ഫ്യു ആരംഭിക്കുക. സെപ്‌തംബര്‍ മാസം മുതല്‍ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനാല്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കഴിഞ്ഞയാഴ്‌ച ദേശീയ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

53,238 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ നാലുതവണ ആയിരം കടന്നു. 24 മണിക്കൂറില്‍ 416 പേര്‍ മരണമടഞ്ഞതോടെ രാജ്യത്ത് 37,435 പേര്‍ ആകെ കൊവിഡ് മൂലം മരണമടഞ്ഞു. പാരീസില്‍ ഓരോ മുപ്പത് സെക്കന്റിലും ഒരാള്‍ വീതം കൊവിഡ് രോഗിയായി മാറുകയാണെന്ന് ആരോഗ്യമന്ത്രി ഒലിവിയെര്‍ വെറന്‍ പറഞ്ഞു. ഓരോ 15 മിനിട്ടിലും ഒരാള്‍ വീതം രോഗം ബാധിച്ച്‌ ആശുപത്രിയില്‍ അഡ്‌മി‌റ്റാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫ്രാന്‍സില്‍ നവംബര്‍ 3 വരെ 13,81,098 പേര്‍ക്കാണ് കൊവിജ് സ്ഥിരീകരിച്ചത്. യൂറോപ്പില്‍ രൂക്ഷമായി കൊവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.