തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ, പത്തോളം അഴിമതിക്കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനു വേണ്ടി ഡയറക്ടറുടെ കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്. ലോകായുക്തയിലും വിജിലന്‍സിലു മടക്കം പത്തോളം കേസുകള്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിനു വേണ്ടിയാണ് ഡയറക്ടര്‍ തസ്തികയില്‍ പുതിയ നിയമനം നടത്താതെ വ്യവസായ വകുപ്പ് ഒളിച്ചുകളിക്കുന്നത്.

സി.കെ. ബൈജുവിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍, ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബുവരി 23നാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. പതിനാറാളോം അഴിമതിക്കേസുകളാണ് സി.കെ. ബൈജുവിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ ആറോളം കേസുകള്‍ അവസാനിച്ചു. പത്ത് കേസുകളുണ്ട്. 2016 ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപ സി.കെ. ബൈജുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 33 ലക്ഷത്തോളം രൂപയുടെ കണക്ക് കാണിക്കാനാകാത്തതിനാല്‍ വിജിലന്‍സ് കേസെടുത്തിരുന്നു. അഴിമതിക്കേസുകള്‍ നിലവിലുള്ളതിനാല്‍ രണ്ടു തവണ പിഎസ്‌സി പ്രൊമോഷന് വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു സി.കെ. ബൈജു. ഇദ്ദേഹത്തിന് ഡയറക്ടറുടെ ചുമതല വഹിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, ഹൈക്കോടതി പുറത്താക്കാന്‍ ഉത്തരവിട്ടിട്ടും ബൈജു ചുമതലയൊഴിയാന്‍ കൂട്ടാക്കിയില്ല. ഉത്തരവ് വന്ന ശേഷം ക്വാറിയിങ് ലീസ് അനുവദിക്കുന്നതും ക്രഷറുകള്‍ക്ക് കോമ്ബൗണ്ടിങ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതുമായ നടപടികള്‍ എന്നിവ ബൈജു ഡയറക്ടറുടെ ചുമതലയില്‍ ഇരുന്നു തന്നെ നിര്‍വഹിച്ചു. ഇത് ലക്ഷങ്ങളുടെ കോഴ വാങ്ങിയാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പൗലോസ് വീണ്ടും ചീഫ് സെക്രട്ടറിയെ സമീപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 31 ന് സി.കെ. ബൈജുവിനെ പുറത്താക്കുകയും ഫ്രെബുവരി 24 മുതല്‍ ഡയറക്ടറുടെ ചുമതലയില്‍ ഇരുന്ന് ബൈജു സ്വീകരിച്ച നടപടികള്‍ അസാധുവാണെന്നും ചൂണ്ടിക്കാട്ടി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കുകയുമായി

രുന്നു. ബൈജുവിന് പകരം ഡയറക്ടറുടെ ചുമതലയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കി. എന്നാല്‍ നാളിതുവരെ നടപടിയുണ്ടായില്ല.

ഇതിനിടെ, സി.കെ. ബൈജു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. മേയ് മാസത്തില്‍ വിരമിക്കുന്ന ബൈജുവിന്, സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും ഡയറക്ടര്‍ കസേര നല്‍കാമെന്ന വ്യവസായ വകുപ്പിന്റെ താല്‍പ്പര്യമാണ് പുതിയ ഡയറക്ടറെ നിയമിക്കാത്തതിനു പിന്നിലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ക്വാറികളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനും പരിശോധന നടത്താനും അധികാരമുള്ള സുപ്രധാന വകുപ്പിലെ ഡയറക്ടര്‍ തസ്തികയാണ് നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്.

സി.കെ. ബൈജുവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെ ഇയാളെ കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച വ്യവസായ വകുപ്പിന്റെ നടപടിയും വിവാദമായിരുന്നു.