ചെന്നൈയില്‍ ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി അഡ്മിറ്റ് ആയ മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്റെ ആരോഗ്യ നില തൃപ്തികരമായി മുന്നേറുവെന്ന് അറിയിച്ചു. സണ്‍റൈസേഴ്സ് ടീമിനൊപ്പം ചെന്നൈയിലാണ് ടീമിന്റെ മെന്റര്‍ കൂടിയായ മുന്‍ ലങ്കന്‍ താരം.

ചെക്കപ്പിന് പോയ താരത്തോട് ഡോക്ടര്‍മാര്‍ ഉടന്‍ അഡ്മിറ്റാകുവാന്‍ ആവശ്യപ്പെട്ട് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ഐപിഎലിന് വരുമ്ബോള്‍ തന്നെ താരത്തിന്റെ ഹൃദയത്തിന്റെ ബ്ലോക്കേജ് ഉണ്ടെന്ന് ലങ്കയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും സ്റ്റെന്റ് ഇടേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിയ താരത്തോട് ഉടനടി സ്റ്റെന്റ് ഇടുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സണ്‍റൈസേഴ്സ് സിഇഒ ഷണ്‍മുഖനാഥന്‍ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ താരം ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഇന്നലെ താരത്തിന്റെ 49ാം ജന്മദിനം ആയിരുന്നു. സണ്‍റൈസേഴ്സും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ താരം ചെപ്പോക്കില്‍ ടീമിനൊപ്പം മുരളിയും ഉണ്ടായിരുന്നു.