തൃശൂര്‍: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോഗം മാറ്റി. വൈകിട്ട് നാല് മണിയിലേക്കാണ് യോഗം മാറ്റി വച്ചത്. ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുക.
അതേസമയം, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള്‍ യോഗത്തെ അറിയിക്കും. ആന പാപ്പാന്മാരെ ആര് ടി പി സി ആര് പരിശോധനയില്‍ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാര്ക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് പൂരത്തിന് പ്രവേശനം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ദേവസ്വങ്ങള്‍ അവതരിപ്പിക്കും.
തൃശൂര്‍ ജില്ലാ കളക്ടറും കമ്മിഷണറും ഡി എം ഒയും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, തൃശൂര്‍ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് വാഗ്ദ്ധാനം നല്കി ദേവസ്വങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് മുന്‍ എം എല്‍ എ തേറമ്ബില്‍ രാമകൃഷ്ണന് കുറ്റപ്പെടുത്തി.