ഷാര്‍ജ: ഷാര്‍ജയുടെ ആരാമം എന്ന് സന്ദര്‍ശകര്‍ വിശേഷിപ്പിക്കുന്ന അല്‍ മജാസില്‍ ഇഫ്താര്‍ സമയം അറിയിച്ച് പീരങ്കി മുഴങ്ങാന്‍ തുടങ്ങി. കോവിഡ് സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ പീരങ്കിയുടെ അടുത്തു വരാതിരിക്കാന്‍ ബാരിക്കേടും തീര്‍ത്തിട്ടുണ്ട്.
യു.എ.ഇയുടെ ജനനത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ഷാര്‍ജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താര്‍ സമയമറിയിക്കല്‍ നിലവില്‍ വന്നത്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല് ഖാസിമിയുടെ ഭരണകാലത്തായിരുന്നു ഇത്. ഈ ആചാരം ഇന്നും തുടരുകയാണ്. ഷാര്‍ജ പട്ടണത്തിലും ഉപനഗരങ്ങളിലുമായി പത്തിടത്താണ് ഇത്തവണ പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളിലും ഇഫ്താര്‍ പീരങ്കി സ്ഥാപിച്ചിട്ടുണ്ട്.