കൊച്ചി: മകളുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ സനു മോഹന്‍ പിടിയില്‍. ഭാര്യയെ ബന്ധുവീട്ടില്‍ ആക്കിയശേഷം മകളുമായി പുറത്തുപോയ സനു മോഹനെക്കുറിച്ചു വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാര്‍ച്ച്‌ 21നാണ് മകള്‍ വൈഗയെ ദുരൂഹ സാഹചര്യത്തില്‍ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതുംത്. ഇതിനു പിന്നാലെ സനു മോഹനെ കാണാതാകുകയായിരുന്നു. 28 ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് ഉച്ചയോടെ കര്‍ണ്ണാടക കാര്‍വാറില്‍ നിന്നും സനു മോഹനെ പോലീസ് പിടികൂടി.

എന്നാല്‍, സനു തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിലാണ് തൃക്കുന്നപ്പുഴയിലെ കുടുംബാംഗങ്ങള്‍. ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാല്‍ എന്തെങ്കിലും സംഭവിച്ചതാകാമെന്നുമുള്ള അനുമാനത്തിലാണ് വീട്ടുകാര്‍. കാരണം മകള്‍ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു. അതിനാല്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല എന്നാണ് കുടുംബം ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

സനു മോഹന്റെ തൃക്കുന്നപ്പുഴ വലിയപറമ്ബിലെ കുടുംബ വീട്ടില്‍ മാതാവിനൊപ്പം കഴിയുകയാണ് ഭാര്യ രമ്യ. മകള്‍ മരണപ്പെട്ട ആഘാതത്തില്‍ നിന്നും രമ്യ ഇതുവരെ മുക്തയായിട്ടില്ല. പൊലീസ് സനു മോഹനെ അറസ്റ്റ് ചെയ്തു എന്ന വിവരം രമ്യ അറിഞ്ഞെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല എന്ന് ബന്ധുക്കള്‍ മറുനാടന്‍ എന്ന മാധ്യമത്തിന്റെ പ്രതിനിധികളോട് പറഞ്ഞതായി റിപ്പോര്‍ട്ട്.

6 ദിവസങ്ങളോളം കൊല്ലൂരിലെ ഒരു ലോഡ്ജില്‍ സനു മോഹന്‍ താമസിച്ചിരുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലൂരില്‍ നിന്നും 140 കിലോമീറ്ററോളം അകലെയുള്ള കാര്‍വാറില്‍ നിന്നും ഇയാളെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതിനു ശേഷം കേരളാ പൊലീസിന് കൈമാറിയ പ്രതിയെ റോഡ് മാര്‍ഗ്ഗം കൊച്ചിയിലേയ്ക്ക് എത്തിക്കും. നാളെ ഐജി വിശദമായ പത്രസമ്മേളനം നടത്തി കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും