കൊച്ചി: താന്‍ കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല. സിപിഎമ്മില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ജി. സുധാകരന്‍ തുറന്ന് പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ കഴിഞ്ഞ ദിവസം
രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ മുരളീധരന്‍ എന്ത് ചെയ്തുവെന്നും എ വിജയരാഘവന്‍ ചോദിച്ചു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്നയാളാണ് വി മുരളീധരനെന്നും വിജയരാഘവന്‍ ആരോപിച്ചു. വാക്സിന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും മുരളീധരന്‍ ഇടപെട്ടില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോ​ഗ്യതയുണ്ടെന്നും വിജയരാഘവന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് എന്ന പരാമര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങനെയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണെന്ന് എ വിജയരാഘവന്‍ കഴിഞ്ഞ ദിവസം പറ‍ഞ്ഞു. വി മുരളീധരന്‍ ആക്ഷേപം ഉന്നയിച്ച്‌ കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറിമുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിച്ചാല്‍ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വി മുരളീധരന്‍ മുഖ്യമന്ത്രിയെ കൊവിഡിയറ്റ് എന്ന് വിളിച്ചതിനെ അനുകൂലിച്ച്‌ കുമ്മനം രാജശേഖരന്‍ രം​ഗത്തെത്തി. കൊവിഡ്
മാര്‍​ഗനിര്‍ദേശങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി അപകടകാരിയായ രാഷ്ട്രീയ നേതാവാണെന്ന് കുമ്മനം പറഞ്ഞു. ജനങ്ങളോട് മുഖ്യമന്ത്രി ക്രൂരതയാണ് ചെയ്തത്. അത് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഒരു രാഷ്ട്രീയ നേതാവിനുണ്ട്. വി മുരളീധരന്‍ അതാണ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.