കൊച്ചി : ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടക ഉത്തര കന്നഡയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. സനു മോഹൻ കൊല്ലൂരിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തിയെങ്കിലും സനു അവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാർവാറിൽ നിന്നും സനു മോഹനെ പിടികൂടിയത്. ഇന്ന് പുലർച്ചെയോടെയാണ് പിടികൂടിയത് എന്നാണ് വിവരം. ഇയാളെ കേരളത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

മാർച്ച് 20 നാണ് സനു മോഹനെയും മകൾ വൈഗയേയും കാണാതായത്. പിറ്റേന്ന് വൈഗയുടെ മൃതദേഹം കൊച്ചി മുട്ടാർ പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ അപ്രത്യക്ഷനായ സനു മോഹൻ പിന്നീട് 6 ദിവസം കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിന് തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്നു. തുടർന്ന് അവിടുത്തെ ജീവനക്കാരെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കേരള പോലീസ് അന്വേഷിക്കുന്ന വിവരം ലഭിച്ചത്.

വെള്ളിയാഴ്ച വിവരം ലഭിച്ച പോലീസ് കൊല്ലൂരിലെത്തി അന്വേഷണം നടത്തി. ഇവരുടെ അന്വേഷണത്തിൽ സനു മോഹൻ വനമേഖലയിലേയ്ക്ക് കടന്നതായി സൂചന ലഭിച്ചു. സനു മോഹൻ കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണ് വിവരം ലഭിച്ചത്. തുടർന്ന് കൊല്ലൂർ പോലീസിന്റേയും വനംവകുപ്പിന്റേയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊച്ചിയിലെത്തിച്ച ശേഷമാകും ചോദ്യം ചെയ്യുക. സനു മോഹനെ ചോദ്യം ചെയ്താൽ മാത്രമെ കൃത്യമായ വിവരങ്ങൾ ലഭിക്കുവെന്ന് പോലീസ് അറിയിച്ചു.