മുംബൈ:  ഐപിഎല്‍ 14-ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരുവേള ജയമുറപ്പിച്ച്‌ മുന്നേറിയ ഹൈദരാബാദ്, അപ്രതീക്ഷിത തകര്‍ച്ച നേരിട്ടാണ് പരാജയത്തിലേക്ക് നീങ്ങിയത്.

ഇതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടീം സിലക്ഷനെ വിമര്‍ശിച്ചാണ് മഞ്ജരേക്കര്‍ രംഗത്തെത്തിയത്. മുംബൈയ്ക്കെതിരായ മത്സരത്തില്‍ താരതമ്യേന മത്സരപരിചയം കുറഞ്ഞ ഇന്ത്യന്‍ യുവതാരങ്ങളായ വിരാട് സിങ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ് എന്നിവരെ ഒന്നിച്ച്‌ കളിപ്പിച്ചതാണ് മഞ്ജരേക്കറിന്റെ വിമര്‍ശനത്തിന് കാരണമായത്. ‘പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നിവരെ ഒന്നിച്ച്‌ പ്ലേയിങ് ഇലവനില്‍ ഉള്‍പെടുത്തിയ ടീം വിജയം അര്‍ഹിക്കുന്നില്ല’ മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്യംസിന് ഇതുവരെ അവസരം നല്‍കാത്തതിനെതിരെ വിമര്‍ശനം രൂക്ഷമാകുമ്ബോഴാണ് യുവതാരങ്ങളെ കൂട്ടത്തോടെ ടീമില്‍ ഉള്‍പെടുത്തിയതിനും സണ്‍റൈസേഴ്‌സ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ ഇന്ത്യന്‍ താരങ്ങള്‍ പൊതുവെ നിരാശപ്പെടുത്തുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. മനീഷ് പാണ്ഡെ (2), വിരാട് സിങ് (11), അഭിഷേക് ശര്‍മ (2), അബ്ദുല്‍ സമദ് (7) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.