കാലിഫോര്‍ണിയ: മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ നടുങ്ങി ലോകം. കാലിഫോര്‍ണിയക്കാരി ലിലിയാന കാറിലോ എന്ന മുപ്പതുകാരിയാണ് മക്കളെ അരുംകൊല ചെയ്തത്. മൂന്നുവയസും രണ്ടുവയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. കുട്ടികളുടെ അച്ഛന്‍ മോശം സ്വഭാവത്തിനുടമയാണെന്നും ജീവിച്ചിരുന്നാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ അയാളുടെ പീഡനത്തിന് ഇരയാകേണ്ടി വരും എന്നതിനാലാണ് കൊലപ്പെടുത്തിയെന്നാണ് ലിലിയാനയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞയാഴ്ചയാണ് അപ്പാര്‍ട്ടുമെന്റിന് സമീപത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് വ്യക്തമായതോടെ ലിലിയാനയെ അറസ്റ്റു ചെയ്തു. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഞെട്ട‌ിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
‘മക്കളോട് ഒരിക്കലും അടങ്ങാത്ത സ്നേഹമായിരുന്നു എനിക്ക്. അതുകൊണ്ടാണ് അവരെ കൊല്ലാന്‍ തീരുമാനിച്ചത്. ഞാന്‍ ഏറെ സ്നേഹിക്കുന്ന കുട്ടികള്‍ ജീവിച്ചിരുന്നാല്‍ അക്കാലമത്രയും അവര്‍ പിതാവിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. അതിനാലാണ് ഞാന്‍ അത്തരത്തിലൊരു തീരുമാനമെടുത്തത്.ഞാന്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും. ജീവിച്ചിരുന്നെങ്കില്‍ എന്റെ മക്കള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കാള്‍ ഏറെ താഴെയായിരിക്കും ജയിലില്‍ ഞാന്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍’- ലിലിയാന പറയുന്നു. ഭര്‍ത്താവ് എറിക് ഡെന്റണ്‍ സ്ഥിരം മദ്യപാനിയാണെന്നും അവര്‍ പറയുന്നു.

മക്കളെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അതിനുമുമ്പ്‌ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നും ലിലിയാന പറഞ്ഞു. നേരത്തേ തന്നെ മക്കളെ നോക്കുന്ന കാര്യത്തിലുള്‍പ്പടെ ലിലിയാനയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുറ്റം ഏറ്റുപറഞ്ഞ സ്ഥിതിക്ക് കടുത്ത ശിക്ഷയാവും ലിലിയാനയ്ക്ക് ലഭിക്കുക.