വാരണാസി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മിക്ക ആശുപത്രികളിലും ബെഡുകള്‍ കിട്ടാനില്ലെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വാരണാസിയിലെ ആശുപത്രികളിലും അവസ്ഥ മറിച്ചല്ല. ഇവിടെ ചികിത്സാ സൗകര്യങ്ങളില്ലെന്ന് പരാതികള്‍ ഉയര്‍ന്നതോടെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.

ജനങ്ങളുടെ പരാതി വിവേകപൂര്‍വ്വം കേള്‍ക്കുകയും പരിഹരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി വാരണാസിയിലെ ഉദ്യോ​ഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്നങ്ങള്‍ ചോദിച്ച്‌ മനസിലാക്കുകയും കൃത്യമായ പരിഹാരം നടത്തുകയും വേണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയതുപോലെ അതേ തത്വങ്ങള്‍ ഉപയോഗിച്ച്‌ വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ നല്‍കുക എന്നിവ മാത്രമാണ് ഏക മാര്‍ഗം. കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.