തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍. സി.പി.എം നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കെല്ലാം പിന്‍വാതില്‍ നിയമനം വഴി ഉന്നത സര്‍ക്കാര്‍ ജോലി നല്‍കുന്നത് അടുത്തിടെയാണ് പുറത്തായത്. മുന്‍ എം.പിയായ സമ്പത്ത്‌ മുതല്‍ മുന്‍ എം.പി പി.കെ. ബിജുവരെ എത്തി നില്‍ക്കുകയാണ് അനധികൃത നിയമനം.

ബിജുവിന്റെ ഭാര്യയുടെ നിയമനമാണ് ഇപ്പോഴത്തെ വിവാദം. കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌റ് പ്രൊഫസറായി നിയമനം നല്‍കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇത്തവണ ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്നാണ് പരാതി. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നല്‍കിയെന്നാണ് ഉയരുന്ന ആരോപണം. സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു നിയമനം നല്‍കിയത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണു നിയമനമെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു.

പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ‘പബ്പീര്‍’ വെബ്സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാന്‍ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം സഹലയുടെ നിയമനവും വിവാദമാവുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ അനധികൃതമായി നിയമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച്‌ ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി.

കൂടാതെ, എം.ബി.രാജേഷ്, പി.കെ.ബിജു, പി.രാജീവ്, കെ.കെ.രാഗേഷ് എന്നിവരുടെ ഭാര്യമാര്‍ക്കും ഉയര്‍ന്ന അക്കാദമിക യോഗ്യതകളും പ്രവര്‍ത്തിപരിചയവുമുള്ളവരെ പിന്തള്ളി അനധികൃതമായി സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ നല്‍കിയിരുന്നു. കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂര്‍ സര്‍വകലാശാലയിലും, പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ആരോപിച്ചു.