ചെന്നൈ : നടന് വിവേകിന്റെ മരണത്തിന് കോവിഡ് വാക്സിന് സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ . വിവേക് വാക്സിന് സ്വീകരിച്ചതിനെ മറ്റുതരത്തില്‍ ചിത്രീകരിക്കരുത്. കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിലും കോവിഡ് വാക്സിനിലും വിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
‘വിവേകിന് ഹൃദയസംബന്ധമായ പ്രശ്നമാണുണ്ടായത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചതുമായി ഇപ്പോഴത്തെ അസുഖാവസ്ഥയ്ക്ക് ബന്ധമില്ല’ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതെ സമയം കോവിഡ് വാക്സിന് സ്വീകരിച്ചതിന് അടുത്തദിവസമാണ് മരണം സംഭവിച്ചതെങ്കിലും വിവേക് വാക്സിനെടുത്തതുമായി ഹൃദയാഘാതത്തിന് നേരിട്ട് യാതൊരുബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണനും അറിയിച്ചു.
പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് വാക്സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ആരോഗ്യവകുപ്പുമായി സഹകരിച്ച് വ്യാഴാഴ്ച വിവേക് വാക്സിന് എടുത്തിരുന്നു . അതിനുപിറ്റേന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനുകള്‍ കുത്തിവെക്കുന്നത്. വിവേക് എടുത്തതിനൊപ്പം തന്നെ ഒരുപാടുപേര്‍ക്ക് വാക്സിന് നല്‍കിയതാണ്. സംസ്ഥാനത്താകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ കോവാക്സിന് നല്‍കിയിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കുമുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു .അതെ സമയം വാക്സിനുമായി ബന്ധപ്പെടുത്തി ഒട്ടേറെ അഭ്യൂഹങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത് .