പാറശാല :കേരള, തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട് പൊലീസ്. അതിര്‍ത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. തീരദേശ മേഖലയുള്‍പ്പെടുന്ന തമിഴ്നാട് ഭാഗത്തെ റോഡുകളും മലയോര റോഡുകളില്‍നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളുമാണ് തമിഴ്നാട് അധികൃതര്‍ അടച്ചത്. ഊടുവഴികളിലൂടെ ആളുകളെത്തുന്നതിനാല്‍ തമിഴ്നാട്ടിലെ ഇടറോഡുകള്‍ വരെ അടച്ചിടുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്.

തമിഴ്നാട്ടിലടക്കം രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് അധികൃതര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയത്. അതിര്‍ത്തിയിലെ കേരളത്തില്‍നിന്നുള്ള റോഡുകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. ബാരിക്കേഡിനു സമീപം ഒരാള്‍ക്ക് കഷ്ടിച്ചു നടന്നുപോകാം. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങളിലുള്ളവരുടെ വിവരശേഖരണം നടത്തി ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. റിസല്‍ട്ട് മൊബൈല്‍ഫോണ്‍ വഴി അറിയിക്കും. പോസിറ്റീവ് ആണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറും. ലക്ഷണമുള്ളവരെ താപനില പരിശോധിച്ച ശേഷം മടക്കി അയക്കുന്നു. സ്ഥിതിഗതി വിലയിരുത്തിയ ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു.

ഇടറോഡുകളായ കാക്കവിള, കൊല്ലംകോട്, ഊരമ്ബ്, നിദ്രവിള, ചൂഴാല്‍, പളുകല്‍, അടക്കാകുഴി, കോഴിവിള, മുള്ളുവിള, പുലക്കാവിള, മലയടി, മൂവോട്ടുകോണം, കന്നുമാമൂട്, രാമവര്‍മന്‍ച്ചിറ, തോലടി, പുന്നാക്കര, ഉണ്ടന്‍കോട്, ചെറിയകൊല്ല, കൈവന്‍കാല, പുലിയൂര്‍ശാല, പനച്ചമൂട്, ആറാട്ടുകുഴി, കടുക്കറ, ശൂരവകാണി, ആറുകാണി തുടങ്ങിയവയില്‍ പരിശോധനയുണ്ട്. പ്രധാന ജങ്ഷനുകളിലും ശക്തമായ നിരീക്ഷണമുണ്ട്.

ദേശീയപാതയിലെ അതിര്‍ത്തിയായ കളിയിക്കാവിളയിലും തമിഴ്നാട് പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ദൂരയാത്ര പോകുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാണ്. തമിഴ്നാട്ടിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പോകുന്നവരുടെ വിവരങ്ങള്‍ തിരക്കി അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്.