ജോധ്പൂര്‍: ഭര്‍ത്താവിന്റെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി മൂന്നു ദിവസം സൂക്ഷിച്ച യുവതി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് നടുക്കുന്ന സംഭവം. യുവതി തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചത് ആരോടാണ് എന്ന് അന്വേഷിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിയത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രേഖ ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ.

‘പൂജയുടെ ഭര്‍ത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് സഹോദരി രേഖ വീട്ടിലെത്തിയത്. ഈ സമയം പൂജ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഒരുപാട് നേരം സംസാരം തുടര്‍ന്നതോടെ ആരോടാണ് സംസാരിക്കുന്നത് എന്ന് ഭര്‍ത്താവിന്റെ സഹോദരി ചോദിച്ചു. ഇക്കാര്യം സഹോദരനെ അറിയിക്കുമെന്നും രേഖ പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന രേഖയെ മൂര്‍ച്ചയേറിയ ആയുധം െകാണ്ട് പൂജ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ രേഖ അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ഒരു പെട്ടിയിലാക്കി കട്ടിലിന് അടിയില്‍ സൂക്ഷിച്ചു.

കൊല്ലപ്പെട്ട രേഖയുടെ മക്കള്‍ അന്വേഷിച്ച്‌ വന്നപ്പോള്‍ സഹോദരനെ കാണാന്‍ നഗരത്തിലേക്ക് പോയി എന്നുമാണ് അറിയിച്ചത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായ മക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മൂന്നുദിവസങ്ങള്‍ക്ക് ശേഷം പെട്ടിയില്‍ നിന്നും ദുര്‍ഗന്ധം വീടിനുള്ളില്‍ നിറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള ഫോണ്‍ സംസാരം ഭര്‍ത്താവിനെ അറിയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.