ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന് വിതരണ നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നിവക്ക് മാത്രമാണ് അനുമതി. ഇന്ത്യയില്‍ വാക്സിന് ക്ഷാമം നേരിടുന്ന സമയത്ത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രധാന്യം നല്‍കുന്നതിനെതിരെയാണ് വിമര്‍ശനം. ഇന്ത്യക്കാര്‍ക്ക് ആദ്യം വാക്സിന് നല്‍കുന്നതിന് കേന്ദ്രം പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
‘അഞ്ചുകോടി വാക്സിന് മറ്റു രാജ്യങ്ങള്‍ക്ക് സമ്മാനിച്ചതിന്റെ അര്‍ഥമെന്താണ്? നമ്മുടെ കാര്യം എന്താണ്? ഇന്ത്യക്കാരുടെ കാര്യം എന്താണ്? നമുക്ക് ആദ്യം അത് ലഭിക്കുന്നില്ലേ? മറ്റുള്ളവര്‍ക്ക് വാക്സിന് നല്‍കണമെന്നോ നല്കരുതെന്നോ ഞാന്‍ പറയുന്നില്ല, പക്ഷേ ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കണം’ -അമരീന്ദര്‍ സിങ് പറഞ്ഞു.
പ്രതിദിനം വാക്സിനേഷന് രണ്ടുലക്ഷത്തോളം ഉയര്‍ത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ത്തിയാല്‍ ഒന്നര ദിവസത്തിനുള്ളില്‍ വാക്സിന് തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒാരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. ഡല്‍ഹിയിലെ സ്ഥിതിയല്ല, മഹാരാഷ്ട്രയിലും കേരളത്തിലും. അവിടങ്ങളിലെപ്പോലെയല്ല പഞ്ചാബില്‍. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന ക്രമം തീരുമാനിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മൂന്നുദിവസമായി രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം 1300 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് 86 ശതമാനം മരണവും.