കൊച്ചി: സിന്തറ്റിക്ക് ലഹരിമരുന്നുകള്‍ ഒഴുകുന്ന കൊച്ചിയിലെ നിശാപാര്‍ട്ടികളുടെ മറവില്‍ സെക്സ് റാക്കറ്റും സജീവം. നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ എക്സൈസും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. നിശാപാര്‍ട്ടികളുടെ ഭാഗമായി ബുക്കുചെയ്യുന്ന ഹോട്ടല്‍ റൂമുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന്, പെണ്‍വാണിഭ ഇടപാടുകള്‍. ഉയര്‍ന്നജോലിയും സാമ്ബത്തികശേഷിയുമുള്ള യുവതീയുവാക്കള്‍ മയക്കുമരുന്ന് ലഹരിയില്‍ നിശാപാര്‍ട്ടികള്‍ സെക്സിന്റെ ആഘോഷമാക്കുന്നുവെന്നാണ് സൂചന. രഹസ്യമായി സംഘടിപ്പിക്കുന്ന നിശാപാര്‍ട്ടികള്‍ പാശ്ചാത്യനാടുകളിലേതിന് സമാനമാണ്. കൊവിഡ് മാദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി നടക്കുന്ന പാര്‍ട്ടികളില്‍ കേരളത്തിന് പുറത്തുനിന്നും ആളെത്തുന്നുണ്ട്.
കഴിഞ്ഞദിവസം എക്സൈസ് റെയ്ഡ് നടന്ന കൊച്ചിയിലെ ഒരു ഹോട്ടലില്‍ പല ആഴ്ചകളിലായി രഹസ്യമായി സംഘടിപ്പിച്ചത് ഇരുപതിലധികം പാര്‍ട്ടികളാണ്. സമാനമാണ് മറ്റ് ഹോട്ടലുകളിലെയും കണക്ക്. ശനിയാഴ്ചകളിലാണ് പാര്‍ട്ടികള്‍. സംഘാടകരുടെ വിവരങ്ങള്‍ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. റെയ്ഡുകള്‍ക്കിടെ മുങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 98 പേരാണ് നിരീക്ഷണത്തിലുള്ളത്.
നിശാപാര്‍ട്ടികള്‍ക്കായി ലഹരിമരുന്ന് എത്തിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. ബംഗളുരു സ്വദേശി പയസാണ് സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ നല്‍കിയതെന്നാണ് മൊഴി.
റേവ് പാര്‍ട്ടികളുടെ ഭാഗമായ എം.ഡി.എം.എ ബംഗളൂരുവില്‍ നിന്ന് എത്തിച്ചെന്നാണ് നിഗമനം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കോടതിയിലാണ്. ഇതുവാങ്ങി പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് എക്സൈസ്. പിടിയിലായ നാലുപേരെ ജയിലില്‍ ചോദ്യംചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ട്.
നിശാപാര്‍ട്ടി മറയാക്കി കൊച്ചിയില്‍ സെക്സ് റാക്കറ്റും
