തമിഴ് സിനിമാ ലോകത്ത് ഹാസ്യത്തിന് പുതിയ മാനങ്ങളും സ്വീകാര്യതയും നേടിക്കൊടുത്ത നടന്‍ വിവേകിനെ അനുസ്മരിച്ച്‌ മന്ത്രി ഇപി ജയരാജന്‍.

തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോട് നിരന്തരം കലഹിച്ച വ്യക്തിയാണ് വിവേകെന്നും പെണ്‍ ബ്രൂണഹത്യയെയും ജാതി വേര്‍തിരിവിനെയുമൊക്കെ സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ എതിര്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് വിവേകെന്നും മന്ത്രി ഇപി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.’
ആധുനിക സമൂഹത്തിലും കരിനിഴലാകുന്ന ജാതി ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു തമിഴ് നടന്‍ വിവേകിന്റെ ആ ഡയലോഗ്.

തമിഴ് സമൂഹത്തില്‍ ഹാസ്യകഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാനാകുന്ന സ്വാധീനം വ്യക്തമായി മനസ്സിലാക്കി, തന്റെ കഥാപാത്രങ്ങളിലൂടെ പെണ്‍ ഭ്രൂണഹത്യയ്ക്കെതിരെയും പെണ്‍കുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അയാള്‍.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാല്‍, വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച്‌ തമിഴകത്തില്‍ ഒരു കോടി മരം നാട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.

ഏറ്റവുമൊടുവില്‍, കോവിഡ് വാക്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയെത്തി വാക്‌സിന്‍ സ്വീകരിച്ചുവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.