കണ്ണൂര്‍: പാനൂര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. ഇന്നലെയാണ് മുഖ്യപ്രതി കീഴടങ്ങിയത്. ഇതോടെ പ്രതികളുടെ എണ്ണം എട്ടായി. റിമാന്‍ഡില്‍ കഴിയുന്ന ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ തിങ്കളാഴ്ച മുതല്‍ ഒരാഴ്ച കാലത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

മുഖ്യപ്രതി സുഹൈല്‍ കോടതിയിലാണ് കീഴടങ്ങിയത്. നിരപരാധിയാണന്നും, നിയമവ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു ശേഷമാണ് ഇയാള്‍ കോടതിയിലെത്തിയത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇവയെ എതിര്‍ത്ത് രംഗത്തുവന്നിരിക്കുകയായിരുന്നു മന്‍സൂറിന്റെ കുടുംബം. കേസിലെ രണ്ടാം പ്രതിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മരണത്തെ സംബന്ധിക്കുന്ന അന്വേണവും പുരോഗമിക്കുകയാണ്.

ഈ മാസം പത്താം തീയതിയിലാണ് മന്‍സൂര്‍ വധക്കേസ് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും സംസ്ഥാന ക്രൈംബ്രാഞ്ചിനു നല്‍കിയത്. അതിനു തൊട്ടു പിന്നാലെയാണ് മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതിയെന്നു സംശയിക്കുന്ന രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതോടെ കേസില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണവും ശക്തമായി. കഴിഞ്ഞ ദിവസമാണ് പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും മൂന്നാം പതി സംഗീത്, അഞ്ചാം പ്രതി സുഹൈല്‍ ഒന്നിച്ചാണ് ഒളിവില്‍ താമസിച്ചതെന്ന് വിവരം ലഭിച്ചത്. ഇതിനു മുന്‍പ് പുല്ലൂക്കര സ്വദേശി ബിജേഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്നുമാണ് ആരോപണം.

കേസില്‍ സുപ്രധാനമായ പല തെളിവുകളും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്ബ് പലതവണ ഫോണില്‍ വിളിച്ചിരുന്നതായി പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതക ദിവസം ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മന്‍സൂറിന്റെ മരണത്തിനു തൊട്ടു പിന്നാലെനടന്ന രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും സംശയങ്ങള്‍ നിഴലിക്കുകയാണ്. രതീഷിന്റെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ സാമ്ബിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. രതീഷ് മരിക്കുന്നതിനു മുന്‍പ് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളോ മര്‍ദ്ധനമോ ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് ഡിഎന്‍എ പരിശോധന. മരിക്കുന്നതിന് മുമ്ബ് രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മരണത്തിന് അത്പ്പ സമയത്തിനു മുന്‍പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റത്. ഇവയ്ക്കു പുറമേ മുഖത്തും പരിക്കേറ്റിരുന്നു. ഇവ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളാണോ എന്നതാണ് പോലീസിന്റെ സംശയം.