തൃശൂര്‍: പൂരത്തിന് ആനയെഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദ്ദേശവുമായി വനംവകുപ്പ്. പൂരത്തിന് പങ്കെടുക്കുന്ന ആനകളുടെ എല്ലാ പാപ്പാന്മാരും ആര്‍ടിപിസിആര്‍ ഫലം കരുതണം. പാപ്പാന്മാര്ക്ക് കൊവിഡ് നെഗറ്റീവായാല്‍ മാത്രമേ ആനകളെ എഴുന്നളളിക്കൂ. എന്നാല്‍ ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.
പൂരത്തിനെത്തുന്ന ആനകള്‍ക്കും കര്‍ശന പരിശോധനയുണ്ടാകും. 40 പേരടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചു. മദപ്പാടുളള ആനകള്‍ക്ക് പൂരത്തിന് പ്രവേശനമില്ല. മാത്രമല്ല നിരവധിപേരെ കൊലപ്പെടുത്തിയ ആനകള്‍ക്കും അനുമതിയില്ല. പൂരദിവത്തിന് തലേന്ന് ഏപ്രില്‍ 22ന് ആറ് മണിയ്ക്ക് മുന്‍പ് ആനകളുടെ പരിശോധന പൂര്‍ത്തിയായാലേ പൂരത്തില്‍ പങ്കെടുപ്പിക്കൂ. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കാനും വനംവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. ഇത്തവണ കൊവിഡ് നിബന്ധനകള്‍ മൂലം കര്‍ശന വ്യവസ്ഥയോടെയാണ് പൂരം ആഘോഷിക്കുന്നത്. 45 വയസില്‍ താഴെയുളളവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. മുതിര്‍ന്നവര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കിയാല്‍ മതിയാകും. പത്ത് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് നിരോധനമുണ്ട്.
പൂരത്തിന് മുന്‍പ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. ഒപ്പം ആരോഗ്യ വകുപ്പുമുണ്ടാകും. രോഗബാധയില്ലാത്തവരെ കടത്തിവിടും. പൂരം കാണാനെത്തുന്നവര്‍ക്ക് എണ്ണ നിയന്ത്രണമില്ല. ഇന്ന് ഉച്ചയോടെ പാറമേക്കാവ് തിരുവമ്ബാടി ക്ഷേത്രങ്ങളില്‍ പൂരം കൊടിയേറി. ഒരു മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും മൂന്ന് മണിയോടെ തിരുവമ്ബാടി ക്ഷേത്രത്തിലും കൊടിയേറ്റ് പ്രമാണിച്ചുളള എഴുന്നളളിപ്പ് നടത്തി.