കോഴിക്കോട്: കോഴിക്കാേട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ തന്റെ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്റെ പരാതി സമര്‍പ്പിച്ചത്. ആളുകള്‍ കൂട്ടംകൂടി യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായതായും ഇക്കാര്യം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലൂടെ ഷഹിന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.