ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.