തിരുവനന്തപുരം: സേവനകാലത്ത് ജോലിയോട് ആത്മാര്‍പ്പണം പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥ വയനാട് സ്വദേശിനി കെ.ടി. ജസീലക്ക് ഒടുവില്‍ 2019ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ കൈപ്പറ്റാനായി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബസപകടത്തെതുടര്ന്ന് ആറുമാസത്തോളം കാലുകള്‍ തളര്‍ന്ന് കിടപ്പിലായ ജസീലക്ക് പുരസ്കാരം കൈപ്പറ്റാന്‍ കഴിഞ്ഞില്ല.
കള്ളനെ ഓടിച്ചുപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിക്കും മറ്റനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വിസിനിടയില്‍ അനേകം അനുമോദനപത്രങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച പൊലീസ് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിെന്റ മനോവിഷമത്തിലായിരുന്നു അവര്‍. പൊലീസ് ആസ്ഥാനത്തെത്തി നേരിട്ട് കൈപ്പറ്റാനുള്ള ആഗ്രഹം വ്യക്തമാക്കി ഡി.ജി.പിക്ക് കത്തെഴുതിയത് വഴിത്തിരിവായി. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്ന പുരസ്കാരവിതരണ ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാവായെത്തി ജസീല മെഡല്‍ സ്വീകരിച്ചു.
ബുള്ളറ്റുള്‍പ്പെടെ പൊലീസ് വാഹനങ്ങള്‍ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം വനിത ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കല്പറ്റ വനിതാസെല്ലിലെ ജസീല. അപകടത്തിനുശേഷം വന്ന അര്‍ബുദബാധയും കാര്യമാക്കാതെ വാക്കറിെന്റ സഹായത്തോടെയാണ് പൊലീസ് ആസ്ഥാനത്തെത്തിയത്.
തെന്റ ആഗ്രഹസാക്ഷാത്കാരത്തിന് കൂടെനിന്ന കോഴിക്കോട് റൂറല്‍ കോടഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫിസര്‍ കൂടിയായ ഭര്‍ത്താവ് കെ.പി. അഭിലാഷിനും അപേക്ഷ ദയാപൂര്‍വം കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സനൂജക്കുമായി മെഡല്‍ സമര്‍പ്പിക്കുന്നെന്ന് ജസീല പറഞ്ഞു.