ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്ബി നാരായണനെതിരെ വ്യാജമൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്. നമ്ബി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ താന്‍ നമ്ബി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന് വ്യാജമൊഴി നല്‍കണമെന്നാണ് രമണ്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ‘ഇതിന് വിസമ്മതിച്ചപ്പോള്‍ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. തന്റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകള്‍.
ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി’, ഫൗസിയ പറയുന്നു. തനിക്ക് നമ്ബി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, ‘തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്ബി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്ബി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു.
നമ്ബി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണ്’, എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു. നമ്ബി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്ബോള്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്ബോള്‍ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിര്‍ണായകമാകും.
‘മൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചത് രമണ്‍ ശ്രീവാസ്തവ’; മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫൗസിയ ഹസ്സന്
