പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം കടുവയ്ക്ക് തുടക്കമായി. താരം തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
മാസ് എന്റര്‍ട്ടെയ്‌നറായ ‘കടുവ’ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.
നേരത്തെ കടുവയുടെ ചിത്രീകരണം തടഞ്ഞു കൊണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി ഉത്തരവിറക്കിയിരുന്നു. 2018 ല്‍ പരാതിക്കാരനായ അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം അന്യായക്കാരന് നല്‍കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്ബനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്ബനിയും കൂട്ടായി സിനിമ നിര്‍മ്മിക്കുന്നതിനു വേണ്ടി സിനിമയുടെ തിരക്കഥ നല്‍കിയെന്നായിരുന്നു പരാതി.
സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാലുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.