അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ധോണിയെ ആരാധകര്‍ വീണ്ടും കണ്ടത് ഐപിഎല്‍ മൈതാനത്താണ്. എന്നാല്‍ പഴയ എംഎസ്ഡിയെ പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. ഫോം കണ്ടെത്താന്‍ പാടുപെടുന്ന നായകനും ചെന്നൈ സൂപ്പര്‍കിങ്സും. ഒടുവില്‍ പ്ലേ ഓഫ് കാണാതെ പുറത്തേക്കും. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് പുറത്താകുന്നത്.
അടുത്ത വര്‍ഷവും ഐപിഎല്ലില്‍ ചെന്നൈയ്ക്കൊപ്പം ഉണ്ടാകുമെന്ന സൂചന ധോണി ഇതിനകം നല്‍കിയിട്ടുണ്ട്. ആരാധകരും താരത്തിന്റെ മടങ്ങി വരവിന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തിന് തിളങ്ങാനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് മുന്‍ താരം കപില്‍ ദേവ്. ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 25 ശരാശരിയില്‍ 200 റണ്‍സാണ് ധോണിയുടെ സമ്ബാദ്യം. ഞായറാഴ്ച്ച കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിന് മുമ്ബായാണ് ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് ധോണി വ്യക്തമാക്കിയത്. ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരമായിരുന്നു അത്. മഞ്ഞക്കുപ്പായത്തില്‍ അവസാന മത്സരമായിരിക്കുമോ എന്ന കമന്റേറ്റര്‍ ഡാനി മോറിസിന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നായിരുന്നു ധോണിയുടെ മറുപടി.
എന്നാല്‍ ആവശ്യത്തിന് മാച്ച് പ്രാക്ടീസ് ലഭിക്കാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ ധോണിക്ക് സാധിക്കില്ലെന്ന് കപില്‍ ദേവ് പറയുന്നു.
“എല്ലാ വര്‍ഷവും ഐപിഎല്ലില്‍ മാത്രം കളിക്കാനാണ് ധോണിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം അസാധ്യമായിരിക്കും. പ്രായത്തെ കുറിച്ച് സംസാരിക്കുന്നത് നല്ല കാര്യമല്ല, എന്നാലും അദ്ദേഹത്തിന്റെ പ്രായത്തില്‍(39) കൂടുതല്‍ കളിച്ചാല്‍ മാത്രമേ ശരീരം കൂടുതല്‍ നന്നായി വഴങ്ങുകയുള്ളൂ”. കപില്‍ ദേവ് പറയുന്നു. എബിപി ന്യൂസിനോടാണ് കപില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
വര്‍ഷത്തില്‍ പത്ത് മാസം നിങ്ങള്‍ ഒരു ക്രിക്കറ്റും കളിക്കാതെ നേരെ ഐപിഎല്‍ കളിക്കാന്‍ പോയാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയാമല്ലോ. എത്ര കളിച്ചാലും ചില സീസണുകളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകും. ക്രിസ് ഗെയില്‍ അടക്കമുള്ളവര്‍ക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയാണ് ധോണി ചെയ്യേണ്ടതെന്നും കപില്‍ ദേവ് പറയുന്നു.