തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭ സ്ഥാനാര്‍ഥികളാകും. രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. രണ്ട് സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്. രണ്ടിലും സിപിഎം തന്നെയാണ് മത്സരിക്കുന്നത്.

കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമാണ് ജോണ്‍ ബ്രിട്ടാസ്. എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു ഡോ.വി.ശിവദാസന്‍. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

നിലവില്‍ കാലാവധി തീരുന്ന കെ.കെ.രാഗേഷിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം തുടക്കം മുതല്‍ ശക്തമായിരുന്നു. കിസാന്‍ സഭ നേതാവ് കൂടിയായ രാഗേഷിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലാണ് സിപിഎം അവസാനമെത്തിയത്.

സമുദായ സംഘടനകള്‍ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണം; എന്‍എസ്‌എസിനെ വിമര്‍ശിച്ച്‌ എ.വിജയരാഘവന്‍

മറുവശത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് നേതാവ് പി.വി.അബ്ദുള്‍ വഹാബിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് വഹാബിനെ തിരഞ്ഞെടുത്തത്. ഇന്ന് വഹാബ് പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20.