ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ഒര്‍ഡറില്‍ മുന്നോട്ട് വന്ന് ടീമിനെ നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്ബോള്‍ ഒരു നായകനെന്ന നിലയില്‍ ധോണിക്ക് മുന്നേറാനാകില്ലെന്നും ചുരങ്ങിയത് നാലാമതോ അഞ്ചാമതോ പൊസിഷനിലെക്കെങ്കിലും ധോണി ബാറ്റിംഗിനെത്തണമെന്നും ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് ലൈവിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.

സീസണിലെ ദല്‍ഹി ക്യാപിറ്റല്‍സിനോടുള്ള ആദ്യ മത്സരത്തില്‍ ഏഴാമതായാണ് ധോണി ഗ്രൗണ്ടിലിറങ്ങിയിരുന്നത്. മത്സരത്തില്‍ 2 ബോള്‍ നേരിട്ട ധോണി പൂജ്യത്തിന് പുറത്തായിരുന്നു.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ ഇന്ന് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ നിറംമങ്ങിയ ബോളിങ് നിര നിലവാരം പുലര്‍ത്തിയാലെ ചെന്നൈക്ക് പഞ്ചാബിനെതിരെ പിടിച്ചുനില്‍ക്കാനാകൂ. ആദ്യ മത്സരത്തില്‍ തലനാരിഴയ്ക്കു രാജസ്ഥാനെതിരെ രക്ഷപ്പെട്ട പഞ്ചാബിനും ബോളിങ് തന്നെയാണ് ആശങ്ക.

ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ മുന്‍തൂക്കം സി.എസ്.കെയ്ക്കാണ്. 23 മത്സരത്തില്‍ 14 തവണയും ജയം ധോണിക്കും സംഘത്തിനുമൊപ്പം നിന്നപ്പോള്‍ 9 ജയമാണ് പഞ്ചാബ് നേടിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

പഞ്ചാബ് കിങ്‌സ്: കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്‌സന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, റില്ലി മെറീഡിത്ത്, അര്‍ഷ ദീപ് സിങ്.

ചെന്നൈ സൂപ്പര്‍ കിങ്സ്: റുതുരാജ് ജയ്ഗ്വാദ്, ഫഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, അമ്ബാട്ടി റായിഡു, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, എം.എസ് ധോണി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.