തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്.ഐ.ആറുകളും റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് കോടതി വിധി. ഇ.ഡിക്കെതിരായ കേസ് റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്. രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍ കോടതി തള്ളിയത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രി പരിഹാസ്യ കഥാപാത്രമായി മാറി. ബിജെപി നേരത്തെ തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയാണ് ഇന്ന് കോടതിയും പറഞ്ഞത്. ഭരണഘടനയും ജനാധിപത്യവുമൊന്നും തനിക്ക് ബാധകമല്ലെന്ന പിണറായിയുടെ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു കോമാളിയായി മാറരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.