തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസത്തെ സുകുമാരൻ നായരുടെ പ്രസ്താവനയുടെ ക്ഷീണം തീർക്കാൻ കച്ചകെട്ടിയിറങ്ങി സി.പി.എം. വിശ്വാസത്തെ ചൊല്ലി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയുണ്ടാക്കിയ ക്ഷീണത്തിനെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ശ്രമം. ആർ.എസ്.എസിന്റെ വാലാകാനാണ് സുകുമാരൻ നായരുടെ ശ്രമമെന്നും ഇതിനെ സമുദായാംഗങ്ങൾ ചെറുക്കുമെന്നുമാണ് വിജയരാഘവൻ പറയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നേരിട്ടാണ് പ്രസ്താവന ലേഖനരൂപത്തിൽ നൽകിയിരിക്കുന്നത്. ദേശാഭിമാനിയിലാണ് എൻ.എസ്.എസിനെതിരെ പ്രതികരിച്ചത്. ജി.സുകുമാരൻ നായരുടെ താൽപ്പര്യം സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണ ക്കാരുടേയും താൽപ്പര്യത്തിനെതിരാണെന്നും ലേഖനത്തിൽ പറയുന്നു.

തെരഞ്ഞുടപ്പ് ദിനത്തിൽ വിശ്വാസത്തെ ഊന്നി സുകുമാരൻ നായരുടെ നിലപാട് സമുദായം തന്നെ തിരുത്തും. അന്നത്തെ പ്രസ്താവനയോട് കടുത്ത വിയോജിപ്പുള്ള നിരവധി പേർ എൻ.എസ്.എസിലുണ്ടെന്ന് സുകുമാരൻ നായർക്ക് വൈകാതെ ബോധ്യപ്പെടുമെന്നും വിജയരാഘവൻ മുന്നറിയിപ്പായി പറയുന്നു. ജാതിമത സംഘടനകളുടെ ഒരു സമ്മർദ്ദത്തിനും ഒരിക്കലും സി.പി.എം വഴങ്ങിയിട്ടില്ല. ഇനി തയ്യാറുമല്ല. സമുദായ സംഘടനകൾ അവരുടെ പരിധി മറക്കരുതെന്നും വെല്ലുവിളിയായിട്ടാണ് വിജയരാഘവന്റെ ലേഖനം.