തിരുവനന്തപുരം: കൊറോണ തീവ്രവ്യാപനത്തെ തടയാന്‍ യുദ്ധകാല നടപടിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇന്നും നാളെയുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകള്‍ നടത്തും. രോഗബാധിതരെ അടിയന്തിരമായി കണ്ടെത്തി ആശുപത്രികളിലേയ്ക്കും വീടുകളിലെ ക്വാറന്റൈന്‍ സംവിധാനത്തിലേയ്ക്കും മാറ്റാനാണ് തീരുമാനം. വിദഗ്ധ സമിതിയാണ് മാസ് പരിശോധന എന്ന തീരുമാനം എടുത്തത്.

പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലാ തൊഴിലാളികള്‍, കൊറോണ വാക്‌സിന്‍ ലഭിക്കാത്ത 45 വയസ്സിന് താഴെയുള്ളവര്‍ എന്നിവരെ ഹൈ റിസ്‌ക് വിഭാഗമായി തിരിച്ചിരിക്കുകയാണ്. പതിനെട്ടുവയസ്സിനും 65 വയസ്സിനുമിടയിലുള്ളവരുടെ അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
ആശുപത്രികളിലെ ഒ.പിയിലെത്തുന്നവര്‍, കിടത്തി ചികിത്സയിലുള്ളവര്‍, ക്ലസ്റ്റര്‍ നിയന്ത്രിത മേഖലയിലുള്ളവര്‍, സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പരിശോധിക്കും. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് പരിശോധന തീവ്രമാക്കുന്നത്.