തിരുവനന്തപുരം: ബന്ധു നിയമനത്തിലെ കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ എജിയില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം.

ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് എജി വ്യക്തമാക്കിയത്. ലോകായുക്ത ആക്‌ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു.
പരാതി ലഭിച്ചാല്‍ എതിര്‍കക്ഷിക്ക് അന്വേഷണത്തിന് മുമ്ബ് പരാതിയുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ജലീലിന് പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കി. ഇത് പ്രകാരം എതിര്‍കക്ഷിക്കും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.