കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്ക് പറ്റിയ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നട്ടെല്ലിനാണ് ശസ്ത്രക്രിയ നടത്തിയത്. ഏപ്രില്‍ 13ന് അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്ജന് പ്രൊഫസര്‍ ഡോക്ടര്‍ ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നത്. അബുദാബി ബുര്‍ജില്‍ ആശുപത്രി ഉടമയും യൂസഫലിയുടെ മരുമകനുമായ ഡോക്ടര്‍ ഷംസീര്‍ വയലിലാണ് ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേത വിമാനത്തില്‍ അബുദാബിയിലേക്ക് എത്തിച്ച് തുടര്‍ചികിത്സ ഏകോപിപ്പിക്കുന്നത്.
ഞായറാഴ്ചയാണ് പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആറു പേരായിരുന്നു ഇതിലുണ്ടായിരുന്നത്. ആര്‍ക്കും അപകടം ഒന്നുമുണ്ടായിരുന്നില്ല.
ഹെലികോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടു മുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്ബിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തു കൂടെ ഹൈവേ കടന്നു പോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂഴ്ന്ന നിലയിലായിരുന്നു ഹെലികോപ്റ്റര്‍. അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന അധികൃതര്‍ അറിയിച്ചിരുന്നു. പിന്നാലൊണ് ഇവര്‍ യുഎഇയിലേക്ക് മടങ്ങിയത്.