തിരുവനന്തപുരം : സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒന്‍പത് മണിയ്ക്ക് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച്‌ തീയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചതായും ഫിയോക്ക് വ്യക്തമാക്കി. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കുമായി ചുരുക്കിയിരിക്കുകയാണ്. ബസുകളില്‍ ഇരുന്ന് മാത്രമെ യാത്രകള്‍ അനുവദിക്കൂ. 9 മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്ന വ്യവസ്ഥ ബാറുകള്‍ക്കും ബാധകമാണ്. കടുത്ത നിയന്ത്രണള്‍ ഏര്‍പ്പെടുത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നേരത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുവാദം നല്‍കാതിരുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്. തുടര്‍ന്ന് സിനിമാ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സെക്കന്‍ഡ് ഷോ അനുവദിച്ചത്.