കണ്ണൂര്‍ : മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി പൊലീസ് പിടിയിലായി. മന്‍സൂറിന് നേരെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍ ആണ് പിടിയിലായ മുഖ്യപ്രതി. പക്ഷെ ഇദ്ദേഹത്തിന്‍റെ പേര് പൊലീസ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ല. പിടിയിലായ മറ്റൊരാള്‍ മൂന്നാം പ്രതി സംഗീത് ആണ്. ക്രൈം ബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതോടെ മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മോന്താല്‍ പാലത്തിനടുത്ത് നിന്നാണ് ഒളിവില്‍ കഴിയവേയാണ് ഇരുവരെയും പിടികൂടിയത്. ഇതില്‍ മൂന്നാം പ്രതി സംഗീത് കേസില്‍ രണ്ടാം പ്രതിയായിരുന്ന രതീഷിനോടൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ്. ഈ ഒളിവ് വാസത്തിനിടയിലാണ് രതീഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കൂടെയുള്ളവര്‍ എല്ലാം അപ്രത്യക്ഷരായി എന്നാണ് കരുതപ്പെടുന്നത്.

രതീഷിന്‍റെ മരണം ആത്മഹത്യയല്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതില്‍ നിന്നും ആരൊക്കെയോ ചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. അതേ സമയം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രതീഷിനെ കൊലപ്പെടുത്തിയത് സിപിഎംകാര്‍ തന്നെയാണെന്നും ഒരു സിപിഎം നേതാവിനോടുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് രതീഷിനെ കൂടെ ഒളിവില്‍ കഴിഞ്ഞ മറ്റുള്ളവര്‍ രതീഷിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. അതിനിടയിലാണ് സംഗീത് പിടിയിലായത്. ഇതോടെ രതീഷിന്‍റെ മരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.

മരിക്കുന്നതിന് മുമ്ബ് രതീഷിനൊപ്പം സംഗീത് കൂടാതെ ശ്രീരാഗ്, സുഹൈല്‍ എന്നീ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ രതീഷിന്‍റെ ശരീരത്തിലെ സാംപിളെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.