മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിലൊതുങ്ങി അര്‍ദ്ധസെഞ്ചുറി നേടിയ നായകന് റിഷഭ് പന്ത് മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി തിളങ്ങിയത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാം ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്ദേവ് ഉനദ്കട്ട് ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ച് പന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു. ഇതോടെ രണ്ടോവറില്‍ അഞ്ചുറണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡല്‍ഹി.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉനദ്കട്ട് ശിഖര്‍ ധവാനെ പുറത്താക്കി. 11 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകന് സഞ്ജു സാംസണ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ഇന്നിംഗ്സിനെ കരകയറ്റി. രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുര്‍ റഹ്മാന് ഡല്‍ഹിയെ തകര്‍ത്തു പിന്നീട് ഒത്തുചേര്‍ന്ന പന്ത് -ലളിത് യാദവ് സഖ്യം ടീം സ്കോര്‍ 50 കടത്തി.
പിന്നീട് ക്രീസിലെത്തിയ ടോം കറനെ കൂട്ടുപിടിച്ച് ലളിത് ടീം സ്കോര്‍ 100 കടത്തി. തൊട്ടുപിന്നാലെ ലളിതിനെ തെവാത്തിയയുടെ കൈയ്യിലെത്തിച്ച് ക്രിസ് മോറിസ് ഡല്‍ഹിയുടെ ആറാം വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്കോറിലെത്തിച്ചത്. ടോം കറന് 21 റണ്‍സും വോക്സ് 15 റണ്‍സുമെടുത്തു.
രാജസ്ഥാന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് നാലോവറില്‍ വെറും 15 റണ്‍സ് മാത്രം നല്കി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. മുസ്താഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.